
ന്യൂഡൽഹി: കോടതിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ആർക്കും കഴിയില്ലെന്നും അതിന് ആരും ശ്രമിക്കേണ്ടതില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കർശന മുന്നറിയിപ്പ് നൽകി. 'ഇന്ത്യ' സഖ്യത്തിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന സുപ്രീംകോടതി മാർച്ചിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ ഇടപെടൽ.
മാർച്ചിന് നേതൃത്വം നൽകിയ പ്രതിപക്ഷ നേതാക്കൾക്ക് കോടതി നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. രാഹുൽ ഗാന്ധിയുടെ പെരുമാറ്റത്തിൽ പ്രത്യേകമായി വിശദീകരണം തേടുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയുണ്ടായി. ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി കൂടി ഉൾപ്പെട്ട ബെഞ്ചാണ് ഈ നിർണായക ഉത്തരവുകൾ പുറപ്പെടുവിച്ചത്.
രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അഖിലേഷ് യാദവ്, മഹുവ മൊയ്ത്ര തുടങ്ങിയ പ്രമുഖ നേതാക്കൾക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി പരിഗണിച്ചുകൊണ്ട് നടപടി.
ദന്തഗോപുരത്തിലല്ല ഇരിക്കുന്നത്. പുറത്തു നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് കൃത്യമായ അറിവ് ലഭിച്ചിരുന്നു. നേതാക്കൾ കോടതിക്കു പുറത്ത് പറയുന്നതും കോടതിയിൽ പറയുന്നതും എന്താണെന്ന് വ്യക്തമായി അറിയാം," എന്ന് ബെഞ്ച് തുറന്നടിച്ചു.
സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷിക്കാൻ നിർദ്ദേശം: സുപ്രീംകോടതി വളപ്പിൽ നടന്ന സംഭവങ്ങളും പ്രതിഷേധങ്ങളും കണക്കിലെടുത്ത്, അവിടത്തെ സി.സി.ടി.വി ദൃശ്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കേസ് നവംബർ രണ്ടിന് വീണ്ടും പരിഗണിക്കും.
കെ.പി.സി.സിക്കും നോട്ടീസ്:
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കേരള ഘടകത്തിന്റെ (കെ.പി.സി.സി) ഔദ്യോഗിക എക്സ് (ട്വിറ്റർ) പേജിൽ വന്ന വിവാദ പോസ്റ്റിന്റെ പശ്ചാത്തലത്തിൽ കെ.പി.സി.സിക്കും കോടതി നോട്ടീസ് അയക്കാൻ ഉത്തരവിട്ടിട്ടുണ്ട്. (ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്തിരുന്നു).










